---
title: "കേരളത്തിന്റെ കലയും സംസ്കാരവും ലോകത്തിന് മുന്നിൽ; രാജ്യാന്തര തലത്തിൽ ‘ഫെസ്റ്റിവൽ ഓഫ് കേരളം’ സംഘടിപ്പിക്കും - പി.സി. വിഷ്ണുനാഥ്"
english_title: "Kerala to Organise Festival of Kerala in Major Indian Cities and Selected Foreign Countries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384737/URL Slug: festival-of-kerala-major-cities-foreign-countries"
published_at: "2026-09-29T16:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb9f2158b50_festival-of-kerala-major-cities-foreign-countries.jpg"
keywords: ["Festival of Kerala", "PC Vishnunath", "Kerala Culture", "Kerala Heritage", "Tourism", "Cultural Department"]
---

# കേരളത്തിന്റെ കലയും സംസ്കാരവും ലോകത്തിന് മുന്നിൽ; രാജ്യാന്തര തലത്തിൽ ‘ഫെസ്റ്റിവൽ ഓഫ് കേരളം’ സംഘടിപ്പിക്കും - പി.സി. വിഷ്ണുനാഥ്

> **Lead Summary:** തിരുവനന്തപുരം:കേരളത്തിന്റെ കലയും സംസ്കാരവും ചരിത്രവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ഫെസ്റ്റിവൽ ഓഫ് കേരളം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്.

## Article Content

തിരുവനന്തപുരം:കേരളത്തിന്റെ കലയും സംസ്കാരവും ചരിത്രവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ഫെസ്റ്റിവൽ ഓഫ് കേരളം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്.

കേരളപ്പിറവിയോടനുബന്ധിച്ച് ഇതിന്റെ പ്രാഥമിക കാര്യങ്ങൾ തയ്യാറാകും. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബാം​ഗ്ലൂർ എന്നിവിടങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലും ഫെസ്റ്റിവൽ ഓഫ് കേരളം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, കേരള പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിൽ 'ഫെസ്റ്റിവൽ കേരളം' സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, നിക്ഷേപ സാധ്യതകൾ, ടൂറിസം മേഖലയുടെ സാധ്യതകൾ എന്നിവ ദേശീയ, അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

സാംസ്കാരിക വകുപ്പിന് കീഴിലുള്ള എല്ലാ അക്കാദമികളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും അവയുടെയെല്ലാം പ്രവർത്തനങ്ങളെ സംയോജിപ്പിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പറഞ്ഞു. വ്യക്തികൾക്ക് വേണ്ടി സ്ഥാപനങ്ങൾ എന്നതല്ല, സ്ഥാപനങ്ങൾ വിഭാവനം ചെയ്തകാലത്തെ ഉദ്ദേശ്യം നിറവേറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഹൈസിന്ത് ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർപെഴ്സൺ രവീന്ദ്രൻ, കേരള സാഹിത്യ അക്കാദമി ചെയർപെഴ്സൺ കൽപ്പറ്റ നാരായണൻ, കേരള സംഗീത നാടക അക്കാദമി ചെയർപെഴ്സൺ ജി. വേണുഗോപാൽ, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർപെഴ്സൺ പ്രേംകുമാർ, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപെഴ്സൺ എം. രഞ്ജിത്ത്,

ഫോക്‌ലോർ അക്കാദമി ചെയർപെഴ്സൺ സുരേഷ്ബാബു എളയാവൂർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി എം. അഞ്ജന, ഡയറകർ കെ. ഇമ്പശേഖർ എന്നിവർ പങ്കെടുത്തു. വിവിധ അക്കാദമി, കോർപ്പറേഷൻ സഹഅധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവരും സന്നിഹിതരായിരുന്നു.

**English Summary:**

> Kerala will organise a “Festival of Kerala” to showcase the state’s art, culture and history to audiences in India and abroad, Cultural Minister P.C. Vishnunath said. Preliminary arrangements will be prepared around Kerala Formation Day. The festival is planned in Delhi, Mumbai, Kolkata, Chennai, Bengaluru and selected foreign countries. Chief Minister V.D. Satheesan had earlier announced plans for the event as part of Kerala’s 70th anniversary, with the aim of presenting Kerala’s cultural heritage, investment opportunities and tourism potential nationally and internationally. The government also intends to coordinate the activities of institutions under the Cultural Department, the minister said.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384737/URL Slug: festival-of-kerala-major-cities-foreign-countries)